Flash News

6/recent/ticker-posts

ഊട്ടിയിലേക്ക് അല്ലാത്ത യാത്രക്കാർക്കും പാസ്‌ വേണം, മലപ്പുറം ജില്ലാ അതിർത്തിയിൽ തർക്കം

Views
ഊട്ടിയിലേക്ക് അല്ലാത്ത യാത്രക്കാർക്കും പാസ്‌ വേണം, മലപ്പുറം ജില്ലാ അതിർത്തിയിൽ തർക്കം



മലപ്പുറം: ഊട്ടിയിലേക്കുള്ള സന്ദർശകർക്ക് ഇ-പാസ് ഏർപ്പെടുത്തിയ നടപടി ആയിരക്കണക്കിനു യാത്രക്കാരെ വലച്ചു. നാടുകാണി ചുരം വഴി നിലഗിരി ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കും എന്തിനാണ് പാസ് എന്ന് ചോദിച്ച് യാത്രക്കാർ ബഹളമുണ്ടാക്കി. തുടർന്ന് ജില്ലാ കളക്ടർ ചെക്ക് പോസ്റ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

നാടുകാണി, ചോലാടി, പാട്ടവയൽ, താളൂർ, കാക്ക നഹള്ള എന്നീ അതിർത്തി ചെക്ക് പോസ്റ്റുകളിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടന്നത്. ഊട്ടിയിലേക്ക് യാത്ര ചെയ്യാത്ത വർക്കും ഇ-പാസ് നിർബന്ധമാക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസ് ഒഴികെ മുഴുവൻ വാഹനങ്ങളിലെ യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചാണ് കടത്തിവിടുന്നത്. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ചെക്ക്പോസ്റ്റിൽ അനുഭവപ്പെട്ടത്.

ഇ-പാസ് ഊട്ടി സന്ദർശിക്കുന്നവർക്ക് മാത്രം മതിയെന്ന കണക്കുകൂട്ടലിലാണ് പലരും എത്തിയത്. എന്നാൽ, നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് വേണമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. നീലഗിരി റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കു  മാത്രം ഇത് ബാധകമല്ല. ഇന്നലെ രാവിലെ എത്തിയ വാഹനങ്ങളിൽ വളരെ ചുരുക്കം വാഹനങ്ങളാണ് ഊട്ടിയിലേക്കുണ്ടായിരുന്നത്. നാടുകാണിയിൽനിന്നു ദേവാല-പന്തല്ലൂർ-ചേരമ്പാടി വഴി വയനാട്ടിലേക്കും അതുപോലെ ഗൂഡല്ലൂർ - മുതുമല - ബന്ദിപ്പൂർ വഴി കർണാടകയിലേക്കും പോകുന്ന വാഹനങ്ങളാണ് കൂടുതലും.

നാടുകാണിച്ചുരം കയറിയെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തടഞ്ഞുനിർത്തുന്നതിനാൽ ഏതു സമയവും ഗതാഗത തടസ്സത്തിനും ഇടയാക്കും. ഊ‌ട്ടി പുഷ്പമേള കൂടി ആരംഭിച്ചാൽ നാടുകാണി കടക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരും.

മലപ്പുറത്തിന്റെ അതിർത്തി ജില്ലയാണ് നീലഗിരി. വിവാഹത്തിനും ചികിത്സയ്ക്കും ബന്ധുസന്ദർശനത്തിനും കച്ചവടത്തിനും ഉത്സവത്തിനുമായി നൂറുകണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നീലഗിരി കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കാണ് പരിശോധനയുടെ ചുമതല. ആർ.ഡി .ഒ. ആണ് പരിശോധന ഏകോപിപ്പിക്കുന്നത്. വിനോദസഞ്ചാര സീസണായ ഏപ്രിൽ, മേയ് മാസങ്ങളിൽ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഊട്ടിയിലെ സാധാരണക്കാരുടെ ജീവിതം തടസ്സപ്പെടുന്നുവെന്നാരോപിച്ച് നൽകിയ പൊതുതാത്പര്യഹർജിയെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിർ ബന്ധമാക്കിയത്.


Post a Comment

0 Comments