Flash News

6/recent/ticker-posts

എല്ലാ കണ്ണും റഫായില്‍'; ഫലസ്തീന് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ

Views
കൊച്ചി: ഇസ്രായേൽ നരഹത്യ തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. റഫായിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാർഢ്യം. എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി കാംപയിനിൽ പങ്കുചേരുകയായിരുന്നു ദുൽഖർ.

കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി ഫലസ്തീന് ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണു വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. റഫായിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേൽ അതിക്രമം.

ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ആക്രമണം പ്രതിഷേധാർഹമാണെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചത്. ആക്രമണം അവസാനിപ്പിക്കണം. റഫായിൽ ഒരിടത്തും ഫലസ്തീനികൾക്കു സുരക്ഷിതമല്ല. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് അടിയന്തരമായി വെടിനിർത്തണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും മാക്രോൺ വ്യക്തമാക്കി.റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്‌പെയിനിന്റെ പ്രതികരണം. നിരപരാധികളായ ഫലസ്തീനികൾ കൊല ചെയ്യപ്പെട്ട മറ്റൊരു ദിവസം കൂടിയാണിത്. എന്നാൽ, ഈ ആക്രമണത്തിന്റെ വ്യാപ്തി കുറച്ചുകൂടി വലുതാണ്. ഐ.സി.ജെ ഉത്തരവ് വന്ന ശേഷമാണ് ഈ ആക്രമണം നടന്നതെന്നും സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബറസ് ചൂണ്ടിക്കാട്ടി.

അതിക്രൂരമായ ആക്രമണമെന്ന് വിമർശിച്ചു അയർലൻഡ് വിദേശകാര്യ മന്ത്രി മിഷേൽ മാർട്ടിൻ. ഈ ബോംബാക്രമണത്തിന്റെ പ്രത്യാഘാതം ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളായ കുട്ടികളും സാധാരണക്കാരുമാണു കൊല്ലപ്പെട്ടിരിക്കുന്നത്. റഫായിലെ സൈനിക നടപടികൾ ഇപ്പോൾ തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ ലംഘനമാണിതെന്ന് നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാർത്ത് എയ്ഡ് കുറ്റപ്പെടുത്തി. റഫായിലെ ആക്രമണം അവസാനിപ്പിക്കണമെന്ന ഐ.സി.ജെ ഉത്തരവ് അനുസരിക്കണം. ഉത്തരവ് പാലിക്കാൻ ഇസ്രായേലിനു ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ജെ ഉത്തരവ് പാലിക്കാൻ ഇസ്രായേൽ തയാറാകണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറെൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേലിന് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്ന് ജർമൻ വിദേശകാര്യ മന്ത്രി അന്നാലെന ബെയർബോക്ക് പ്രതികരിച്ചു.

പുറത്തുനിന്നുള്ള സമ്മർദമില്ലാതെ ഗസ്സ വംശഹത്യ അവസാനിക്കുമെന്നു തോന്നുന്നില്ലെന്ന് യു.എൻ മനുഷ്യാവകാശ വിദഗ്ധ ഫ്രാഞ്ചെസ്‌ക ആൽബനീസ് പറഞ്ഞു. ഇസ്രായേലിനെതിരെ ഉപരോധമുണ്ടാകണം. ലോകരാജ്യങ്ങൾ കരാറുകളും വ്യാപാര, നിക്ഷേപ പങ്കാളിത്തവുമെല്ലാം റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു.റഫായിലെ സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന തൽ അൽസുൽത്താനിൽ ഞായറാഴ്ച രാത്രി 8.45നായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടന്നത്. ഒരു അഭയാർഥി ക്യാംപ് അപ്പാടെയാണ് ബോംബിട്ട് ചാമ്പലാക്കിയത്. 45 പേർ ആക്രമണത്തിൽ വെന്തുമരിക്കുകയും 249ഓളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്നു പലായനം ചെയ്തവരാണ് തൽ അൽസുൽത്താനിൽ ടെന്റ് കെട്ടി താമസിക്കുന്നത്. ഇവർക്കുമേലാണിപ്പോൾ ഇസ്രായേൽ 907 കി.ഗ്രാം ഭാരമുള്ള ബോംബുകൾ വർഷിച്ചതെന്ന് ഗസ്സ മീഡിയ ഓഫിസ് പറഞ്ഞു. മേഖലയിൽ യു.എൻ അംഗീകാരമുള്ള അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന പത്താമത്തെ ആക്രമണമാണിത്. ഒരു ദിവസത്തിനകം 190 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അഭയാർഥി ക്യാംപിലെ ആക്രമണത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യവും സമ്മതിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതിനാൽ കൂടുതൽ വിവരം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞൊഴിയുകയായിരുന്നു ഇസ്രായേൽ സർക്കാർ വക്താവ് ആവി ഹൈമൻ.



Post a Comment

0 Comments