Flash News

6/recent/ticker-posts

ലക്ഷങ്ങൾ പങ്കെടുത്ത് മൂന്നിയൂർ കോഴി കളിയാട്ടം നടന്നു

Views

മൂന്നിയൂർ: പൊയ്ക്കുതിരകളുമായി കാവിലമ്മയുടെ അപദാനങ്ങൾ പാടിയും നൃത്തചുവടുകൾ വെച്ചും വിവിധ ദേശക്കാർ പങ്കെടുത്ത ചരിത്ര പ്രസിദ്ധമായ  മൂന്നിയൂർ  കളിയാട്ട മഹോൽസവത്തിന്റെ  പ്രധാന ഉൽസവമായ കോഴിക്കളിയാട്ട മഹോൽസവം ലക്ഷങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. 

മെയ് 20 ന് പാറാക്കാവ് ചാത്തൻ ക്ലാരി ഭഗവതി ക്ഷേത്രത്തിൽ നടന്ന കാപ്പൊലിക്കൽ ചടങ്ങോടെയാണ് കളിയാട്ടത്തിന് തുടക്കമായത്. ജൂൺ 7 വരെ കളിയാട്ട ഉൽസവം നീണ്ട് നിൽക്കും. പതിനേഴ് ദിവസം നീണ്ട് നിൽക്കുന്ന കളിയാട്ട ഉൽസവത്തിലെ എല്ലാ ചടങ്ങുകളും രാത്രിയാണ് നടക്കുന്നതെങ്കിലും പ്രധാന ഉൽസവമായ കോഴി കളിയാട്ടം പകലാണ് നടക്കുന്നത്. കാപ്പൊലിച്ച് പത്താം ദിവസമാണ് കോഴി കളിയാട്ടം.
രാവിലെ സാംബവ മൂപ്പന്റെ പൊയ്കുതിരകൾ കാവിൽ പ്രവേശിച്ചതോടെയാണ് കോഴി കളിയാട്ടത്തിന് തുടക്കം കുറിച്ചത്.
മതസൗഹാർദ്ധത്തിനും സാഹോദര്യത്തിനും പേരു കേട്ട ഉൽസവം കൂടിയാണ് മൂന്നിയൂർ കോഴി കളിയാട്ടം.

 വിവിധ ദേശക്കാർ കാവിലെത്തുന്നതിന് മുമ്പ് പൊയ്കുതിരകളുമായി മമ്പുറം മഖാമിലും മൂന്നിയൂർ മുട്ടിച്ചിറ പള്ളിയിലും കാണിക്കയിട്ട് അനുഗ്രഹം വാങ്ങിയാണ് കളിയാട്ട കാവ് ക്ഷേത്രത്തിലെത്തിയത് . നേർച്ച കോഴികളെ ബലികല്ലിൽ കുരുതി നടത്തുന്നതും കളി യാട്ടത്തിന്റെ ആചാരങ്ങളിൽ പെട്ടതാണ്.കളിയാട്ട മഹോൽസവത്തിന്റെ പ്രധാന ഇനമാണ് കാർഷിക സംസ്കാരത്തിന്റെ സന്ദേശം വിളിച്ചോതുന്ന കാർഷിക ചന്ത. വിത്ത് , വിളകൾ, കൃഷി ഉപകരണങ്ങൾ, ഉണക്ക മൽസ്യം,മൽസ്യബന്ധന ഉപകരണങ്ങൾ, അനുബന്ധ സാധന സാമഗ്രികൾ , കളിപ്പാട്ടങ്ങൾ, മാല വളകൾ തുടങ്ങി ഉപ്പ് തൊട്ട് കർപ്പൂരം വരെ കളിയാട്ട ചന്തയിൽ ലഭിച്ചു. ക്ഷേത്ര കാരണവർ വിളി വെള്ളി കൃഷ്ണൻ കുട്ടി നായരുടെ നേത്രത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഇടവപാതിയായിട്ടും ഇന്ന് മഴ ഇല്ലാത്തത് കളിയാട്ടത്തിന് എത്തിയവർക്ക് ആശ്വാസമായി. മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേത്രത്വത്തിൽ മെഡിക്കൽ ടീം ഇവിടെ പ്രവർത്തിച്ചു. താനൂർ ഡി.വൈ. എസ്.പി. യുടെ നേത്രത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ക്രമസമാധാന പാലനത്തിന് നേത്രത്വം നൽകി. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് ടീം സന്നിഹിതരായി. രാത്രി ഏറെ വൈകിയും പൊയ്കുതിരകൾ കാവിലേക്ക് വന്ന് കൊണ്ടിരിക്കുകയായിരുന്നു. കളിയാട്ട മഹോൽസവത്തോടെ മലബാറിലെ ഈ ആണ്ടിലെ ക്ഷേത്രോൽസവങ്ങൾക്ക് തിരശീല വീഴും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment

0 Comments