Flash News

6/recent/ticker-posts

വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണ് നട്ട് കുഞ്ഞാലിക്കുട്ടി; ഇന്ത്യാ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യസഭ വഴി മന്ത്രിപദവിയിലെത്താന്‍ നീക്കം

Views


കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ട്രെന്‍ഡ് ഇന്ത്യാ സഖ്യത്തിന് അനുകൂലമായി തുടങ്ങിയതോടെ വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ കൈവവയ്ക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഒരുങ്ങുന്നതായി സൂചന.  ലോകസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യാ സഖ്യത്തിന് അനുകൂലമാകുമെങ്കില്‍ രാജ്യസഭ വഴി വീണ്ടുമൊരു പരീക്ഷണത്തിന് കുഞ്ഞാലിക്കുട്ടി ഒരുങ്ങുന്നതായാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത സഖ്യ കക്ഷിയായ ലീഗിന് മന്ത്രിസഭയില്‍ അവസരം ലഭിക്കാതിരിക്കില്ല. തമിഴ്‌നാട് ഉള്‍പ്പെടെ ലീഗിന് മൂന്ന് എംപിമാര്‍ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ഇ അഹമ്മദിനെ പോലെ ദേശീയ രാഷ്ട്രീയത്തിലൊരു പദവി ലീഗിലെ രാഷ്ട്രീയ ചാണക്യനായ കുഞ്ഞാപ്പ കുറേക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന മോഹമാണ്.

ജൂലൈ 1ന് ഒഴിവ് വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയിപ്പിക്കാന്‍ കഴിയുന്ന സീറ്റ് ലീഗിന് ലഭിക്കുമെന്ന് ഉറപ്പാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ചപ്പോള്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന വാഗ്ദാനത്തിലാണ് അനുരഞ്ജനത്തിലെത്തിയത്.

കുഞ്ഞാലിക്കുട്ടി ഇവിടെ നിന്ന് മാറുന്നതിന് ലീഗില്‍ തന്നെയുള്ള കുഞ്ഞാലിക്കുട്ടി വിരുദ്ധ ചേരിക്കും സന്തോഷം മാത്രമേ ഉണ്ടാവൂ. കേരളത്തില്‍ യുഡിഎഫ് ഭരണം പിടിച്ചാല്‍ മന്ത്രിസഭയില്‍ വരുന്ന അവസരവും ലീഗ് നേതൃപദവിയില്‍ ലഭിക്കാവുന്ന മേല്‍ക്കൈയും ഇതിന കാരണമാണ്. യു.ഡി.എഫിന് ലഭിക്കുന്ന രാജ്യസഭാ സീറ്റ് ലീഗിന് തന്നെയെന്നും ആരെ ഡല്‍ഹിക്കയക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ നിയമസഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് ഡല്‍ഹിക്ക് പോയിരുന്നു. 2019ല്‍ ഇന്ത്യാ സഖ്യം അധികാരത്തില്‍ വരുമെന്ന കണക്കൂകൂട്ടലിലായിരുന്നു നീക്കം. എന്നാല്‍, ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയില്ലെന്ന് മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കിടയില്‍ ദേശീയ രാഷ്ട്രീയത്തില്‍ വേണ്ടതു പോലെ തിളങ്ങാനും അദ്ദേഹത്തിനു സാധിച്ചില്ല. സമുദായത്തെയും രാജ്യത്തെയും ബാധിച്ച പല നിര്‍ണായക വിഷയങ്ങളും പാര്‍ലമെന്റ് ചര്‍ച്ച ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമില്ലാതിരുന്നത് വിമര്‍ശന വിധേയമായി.

തുടര്‍ന്നാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയത്. കേരളത്തില്‍ യുഡിഎഫ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗിന് അകത്തു നിന്നുള്ള എതിര്‍പ്പുകളെ പോലും അവഗണിച്ചു കൊണ്ടുള്ള ആ നീക്കം. എന്നാല്‍, എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേറിയതോടെ അതും പാളി. അതുകൊണ്ട് തന്നെ ഇക്കുറി ഇന്ത്യാ സഖ്യത്തിന്റെ വിജയവും മന്ത്രി പദവിയുമൊക്കെ ഉറപ്പാക്കി മാത്രമേ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വയ്ക്കാന്‍ സാധ്യതയുള്ളു.

കുഞ്ഞാലിക്കുട്ടിക്ക് താല്‍പര്യം ഇല്ലെങ്കില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കും. സമസ്തക്ക് അസ്വീകാര്യനായ സലാമിനെ, ഈ കാരണം പറഞ്ഞ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്യാം. യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുവാക്കളെ പരിഗണിച്ചില്ലെന്ന പരാതി യൂത്ത് ലീഗിനുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് ഫൈസല്‍ ബാബുവിന്റെ പേര് യൂത്ത് ലീഗ് സജീവ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത്.



Post a Comment

0 Comments