Flash News

6/recent/ticker-posts

ലയനത്തിനെതിരായ ഹരജി: ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ് മുസ്ലിം ലീഗിന് പണിയാവുമോ?

Views


ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ഘടകത്തില്‍ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ ലയിപ്പിച്ചതിനെതിരായ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. (delhi-high-court-notice-sent-to-eci-on-plea-regarding-iuml)പാര്‍ട്ടിയുടെ ചിഹ്നം നിലനിറുത്തുന്നതിന് വേണ്ടിയുള്ള ലയനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളും നിയമങ്ങളും അതിലംഘിച്ചുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. എം.എല്‍.കെ.എസ്.സി (മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി) എന്ന സംഘടനയെ ഐ.യു.എം.എല്ലുമായി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്) ലയിപ്പിച്ചതിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ദേശിക്കണമെന്നതാണ് മുഖ്യ ആവശ്യം. ഈ ഹര്‍ജിയിന്മേലാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സച്ചിന്‍ ദത്ത ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.

ഐ.യു.എം.എല്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ പിന്‍മുറക്കാരനായ എം.ജി ദാവൂദ് മിയാഖാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍. മുതിര്‍ന്ന അഭിഭാഷകന്‍ പ്രമോദ് കുമാര്‍ ദുബെ, അഭിഭാഷകരായ ജി പ്രിയദര്‍ശിനി, രാഹുല്‍ ശ്യാം ഭണ്ഡാരി എന്നിവര്‍ മിയാഖാനുവേണ്ടി ഹാജരായി. അഭിഭാഷകന്‍ സിദ്ധാന്ത് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ചു.

മിയാഖാന്റെ വാദങ്ങള്‍ നിരസിച്ചുകൊണ്ട് ഏപ്രില്‍ 20ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാസാക്കിയ ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് ഹരജി. വാദത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചും, ഐയുഎംഎലിനെ എംഎല്‍കെഎസ്സിയില്‍ ലയിപ്പിച്ചതിലെ പ്രശ്നങ്ങളെക്കുറിച്ചും ഒരു നിരീക്ഷണവും നടത്താതെയാണ് തെറ്റായ ഉത്തരവ് പാസാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 2012 മാര്‍ച്ച് മൂന്നാം തീയതിയിലെ കമ്മീഷന്റെ ഉത്തരവിലൂടെ ലയനത്തെ അംഗീകരിക്കുകയോ സാധുവാക്കുകയോ ചെയ്തതിനെയും ഹരജി എതിര്‍ക്കുന്നു. തന്റെ വാദങ്ങളില്‍ കമ്മീഷന്‍ മിയാഖാനോട് വിശദീകരണം തേടിയില്ലെന്നും അനധികൃതമായി നടത്തിയ ലയനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശോധന നടത്തിയിട്ടില്ല എന്നുമാണ് കേസ്.

ഐയുഎംഎല്ലിന്റെ ദേശീയ എക്സിക്യൂട്ടീവുകള്‍, സ്റ്റേറ്റ് യൂണിറ്റുകള്‍, ജനറല്‍ അംഗങ്ങള്‍ എന്നിവരെ കേള്‍ക്കാതെയാണ് ഐയുഎംഎല്ലിനെ എം.എല്‍.കെ.എസ്.സിയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 2012ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമവിരുദ്ധമായി അംഗീകരിച്ചത്. അതുകൊണ്ട്, എതിര്‍കക്ഷിയുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും നിയമത്തിന്റെ ദൃഷ്ടിയില്‍ നിലനില്‍ക്കുന്നതുമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഏതാണ്ട് ഒരു ദശാബ്ദത്തോളമായി തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ നിലനില്‍ക്കുന്ന ഈ കേസില്‍ കഴിഞ്ഞ ഏപ്രില്‍ 20നാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്. അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ദാവൂദ് മിയ ഖാന്‍ കോടതിയെ സമീപിച്ചത്.

തമിഴ്‌നാട് മുസ്ലിം ലീഗിലെ ഒരു വിഭാഗത്തെ തടയാനും ഒതുക്കാനും വേണ്ടിയാണ് എം.എല്‍.കെ.എസ്.സിയുമായി ലയനം നടത്തിയത് എന്ന് ദാവൂദ് ഖാന്‍ കോടതിക്ക് പുറത്തുള്ള സംഭാഷണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എല്ലാ പക്ഷങ്ങളെയും കേള്‍ക്കാതെ ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത് എന്ന പരാതിക്ക് മേലാണ് ഇപ്പോള്‍ കോടതി കമ്മീഷന്റെ പ്രതികരണം ആരാഞ്ഞിരിക്കുന്നത്.


Post a Comment

0 Comments