Flash News

6/recent/ticker-posts

ബാങ്കിനുള്ളിൽ മൂർഖൻ ഒരുമണിക്കൂർ നേരം ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീതിയിലാക്കി

Views

ഇരിട്ടി : ബാങ്കിനുള്ളില്‍ അതിഥിയായി എത്തിയ മൂർഖൻ പാമ്പ്  ഒരുമണിക്കൂർ നേരം ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീതിയിലാക്കി.
ഒരു മണിക്കൂറോളം ബാങ്ക് ഇടപാടുകള്‍ സ്തംഭിച്ചു. ഇരിട്ടി ടൗണില്‍ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ശാഖയിലാണ് ഇന്നലെ രാവിലെ 10. 45 ഓടെ മൂർഖൻ പാമ്പിനെ കണ്ടത്. ബാങ്കില്‍ വന്ന ഇടപാടുകാരനാണ് പടിക്കെട്ടിലൂടെ പാമ്പ്  അകത്തേക്ക് കയറുന്നത് കണ്ടത്. 

അകത്തു കയറി പാമ്പ് മുറിയിലെ ഒരു മൂലയില്‍ നിലയുറപ്പിച്ചു. ഇതോടെ ജീവനക്കാർ ഉള്‍പ്പെടെയുള്ളവർ ഭീതിയിലായി. ഇടയ്ക്കിടെ പാമ്പ് പത്തി വിടർത്തി ചീറ്റിത്തുടങ്ങുകയും ചെയ്തത് സ്ഥിതി കൂടുതല്‍ ഭീതിദമാക്കി. ബാങ്കില്‍ മൂർഖൻ കയറിയതറിഞ്ഞ സമീപത്തെ കച്ചവടക്കാരും ചുമട്ട് തൊഴിലാളികളുള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. ഉടൻ തന്നെ വനംവകുപ്പ് താത്കാലിക ജീവനക്കാരനും സ്നേക്ക് റെസ്ക്യുവറും മാർക്ക് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകനുമായ ഫൈസല്‍ വിളക്കോടിനെ വിവരമറിയിക്കുകയും ഫൈസല്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാമ്പുകൾ പുറത്തേക്കിറങ്ങുന്ന സമയമാണിതെന്നും ജനം ജാഗ്രത പുലർത്തണമെന്നും ഫൈസല്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ വിവിധയിടങ്ങളില്‍ നിന്നായി നൂറോളം പാമ്പുകളെ പിടികൂടിയതായും ഫൈസല്‍ പറഞ്ഞു.



Post a Comment

0 Comments