Flash News

6/recent/ticker-posts

രാഹുലിനെ കണ്ട് പിന്തുണയറിയിച്ച് മഹാരാഷ്ട്രയിലെ സ്വതന്ത്ര എം.പി; ‘ഇന്ത്യ’യുടെ അംഗബലം 234 ആയി

Views

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കോൺ​ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ ഇന്ത്യ മുന്നണിക്കും മഹാവികാസ് അഘാടി സഖ്യ(എം.വി.എ)ത്തിനും പിന്തുണ പ്രഖ്യാപിച്ചു. കോൺ​ഗ്രസ് എംഎൽഎ വിശ്വജീത് കദത്തിനൊപ്പം വ്യാഴാഴ്ച ഡൽഹിയിലെത്തിയ വിശാൽ, കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ​ഗാന്ധി, രാഹുൽ ​ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ​ഖാർഗെയ്ക്ക് കൈമാറി. നിലവിൽ ഇന്ത്യ മുന്നണിക്ക് 233-ഉം എൻഡിഎയ്ക്ക് 292-ഉം സീറ്റാണുള്ളത്. വിശാലിന്‍റെ ഇന്ത്യമുന്നണിയുടെ അംഗസംഖ്യ 234 ആകും.

വിശാലിന്റെ പിന്തുണയോടെ പാർലമെന്റിൽ കോൺ​ഗ്രസിന്റെ അം​ഗബലം നൂറ് ആയി ഉയർന്നുവെന്ന് വിശ്വജീത് കദം അറിയിച്ചു. തന്റെ കുടുംബം വർഷങ്ങളായി കോൺ​ഗ്രസിന്റെ ഭാ​ഗമാണെന്നും അച്ഛനും മുത്തച്ഛനും സഹോദരനും കോൺ​ഗ്രസ് അം​ഗങ്ങൾ ആയിരുന്നുവെന്നും വിശാൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ രണ്ട് പ്രധാനമുന്നണികളും തോറ്റതിലൂടെ ശ്രദ്ധ നേടിയ ഏകമണ്ഡലമാണ് സാംഗ്ലി. ബി.ജെ.പി.യുടെ സഞ്ജയ് പാട്ടീലിനെയും ശിവസേന ഉദ്ധവ് താക്കറെ പക്ഷ സ്ഥാനാർഥി ചന്ദ്രഹാർ പാട്ടീലിനെയുമാണ് വിശാൽ തോൽപ്പിച്ചത്. ബി.ജെ.പി. സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ശിവസേന സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ലക്ഷത്തിലധികം വോട്ടുകൾക്കാണ് വിശാൽ പാട്ടീൽ വിജയിച്ചത്.
സാംഗ്ലിയിൽ സ്ഥാനാർഥിനിർണയം എം.വി.എ. സഖ്യത്തിന് കീറാമുട്ടിയായിരുന്നു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലം തങ്ങൾക്കുതന്നെ വേണമെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാൽ, വിട്ടുകൊടുക്കാൻ ശിവസേന ഉദ്ധവ് പക്ഷം തയ്യാറായില്ല. കോലാപ്പുർ നൽകിയതുകൊണ്ട് സാംഗ്ലി തരാൻ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. കൂടിക്കാഴ്ചകളും ചർച്ചകളുമൊന്നും ഫലിച്ചില്ല. ഇക്കാര്യത്തിൽ മുന്നണിയിൽ തീരുമാനമെടുക്കുന്നതിനു മുമ്പുതന്നെ ശിവസേന ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അത് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു. കേന്ദ്ര – സംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ ഇടപെടാൻ മടിച്ചപ്പോൾ ജില്ലാ നേതൃത്വം വിശാൽ പാട്ടീലിനെ സ്വതന്ത്രസ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം വിശാലിനുവേണ്ടി ഇറങ്ങിയപ്പോൾ എം.വി.എ. സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്കു പോയി. 2009, 2014 വർഷങ്ങളിൽ ഒഴികെ ഈ മണ്ഡലത്തിൽ 15 തവണ തുടർച്ചയായി വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥികളാണ്. ശിവസേന പേരിനുപോലുമില്ലാത്ത മണ്ഡലം അവർക്ക് കൊടുത്തതിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസിനുള്ളിലുണ്ടായത്. മുൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി വസന്ത്ദാദാ പാട്ടീലിന്റെ ചെറുമകനാണ് വിശാൽ പാട്ടീൽ.


Post a Comment

0 Comments