Flash News

6/recent/ticker-posts

പൊന്നാനിയിൽ ലീഗിന്റെ ഭൂരിപക്ഷം വർധിപ്പിച്ചത് എസ്ഡിപിഐ വോട്ടുകളെന്ന് കെ എസ് ഹംസ

Views
മലപ്പുറം :  പൊന്നാനിയിൽ മുസ് ലിംലീഗിന്റെ ഭൂരിപക്ഷം വർധിച്ചത് എസ്ഡിപിഐ വോട്ട് കിട്ടിയതിനാലാണെന്ന് ഇടതു സ്ഥാനാർഥി കെ എസ് ഹംസ. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിക്ക് ചെറിയതോതിൽ ഭൂരിപക്ഷം വർധിച്ചത് എസ്ഡിപിഐയുടെ വോട്ട് ലഭിച്ചതിനാലാണ്. മലബാറിലെ മറ്റു മണ്ഡലങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം ഇരട്ടിയായി വർധിച്ചപ്പോൾ പൊന്നാനിയിലും മലപ്പുറത്തും അങ്ങനെ സംഭവിക്കാതിരുന്നത് സമസ്തയിലെ ഇരു വിഭാഗത്തിന്റെയും വോട്ടുകൾ എൽഡിഎഫിന് കിട്ടിയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ മുസ് ലിം ലീഗിന് കഴിഞ്ഞതവണ കിട്ടിയ ഭൂരിപക്ഷം 1.94 ലക്ഷമായിരുന്നു. ഇത്തവണ അത് 2,35,000 ആയി വർധിച്ചിട്ടുണ്ട്. എസ്ഡിപിഐയ്ക്ക് ഈ മണ്ഡലത്തിൽ 26000 വോട്ടുകൾ ഉണ്ടെന്നാണ് അവർ പറയുന്നത്. ഇത് കണക്കുകൂട്ടിയാൽ ഭൂരിപക്ഷത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കാം. കഴിഞ്ഞതവണ കേരളത്തിൽ ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന പൊന്നാനി ഇത്തവണ നാലാം സ്ഥാനത്തേക്ക് മാറിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ പൊന്നാനിയുടെ വിജയം മിന്നുന്നതല്ല എന്നാണ് മനസ്സിലാക്കേണ്ടത്. മലബാറിലെ മറ്റു മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം ഇരട്ടിയായപ്പോൾ പൊന്നാനിയിലും മലപ്പുറത്തും അതുണ്ടായില്ല എന്നതിന് നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും കെ എസ് ഹംസ പറഞ്ഞു.

സമദാനി എന്നേക്കാൾ പണ്ഡിതനാണ്. സീനിയറാണ്. അതിനാൽ തന്നെ സമദാനിയുടെ വിജയം ഞാൻ അംഗീകരിക്കുന്നു അദ്ദേഹത്തെ അഭിനന്ദിക്കുന്നു. തോറ്റെങ്കിലും പൊന്നാനി മണ്ഡലത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിൽ താനെന്നും ഉണ്ടാവും. ഇടതുപക്ഷത്തോടൊപ്പം സഹകരിച്ച് തന്നെ പ്രവർത്തിക്കും. മുസ് ലിം ലീഗിലേക്ക് മടങ്ങിപ്പോവുന്നതിനെക്കുറിച്ചോ സഹകരിക്കുന്നതിനെക്കുറിച്ചോ ഇപ്പോൾ താൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ അവിഹിത ധാരണയുണ്ടായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മോദിയെയും ബിജെപിയെയും പരാജയപ്പെടുത്താൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ജനങ്ങൾ ചിന്തിച്ചതാണ് കേരളത്തിൽ മിന്നുന്ന വിജയം യുഡിഎഫിന് ഉണ്ടാവാൻ കാരണമായത്. ആ ധാരണ തിരുത്താനോ മറ്റൊരു ധാരണ ഉണ്ടാക്കാനോ ഇടതുപക്ഷത്തിന് സാധിച്ചില്ല എന്നതാണ് സത്യം. ഇൻഡ്യാ മുന്നണിക്ക് അനുകൂലമായി ജനങ്ങൾ വിധിയെഴുതി എന്നതും സത്യമാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സാന്നിധ്യവും യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. മറ്റു മണ്ഡലങ്ങളിൽ ഏതു പോലെ പൊന്നാനിയിലും മലപ്പുറത്തും യുഡിഎഫിന് വൻ കുതിപ്പ് ഉണ്ടാക്കാൻ കഴിയാത്തതിന്റെ കാരണത്തെക്കുറിച്ചും രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ പ്രവർത്തകരും ആലോചിക്കണമെന്നും ഹംസ പറഞ്ഞു.


Post a Comment

0 Comments