Flash News

6/recent/ticker-posts

മുസ് ലിം വിരുദ്ധ നീക്കങ്ങള്‍ അനുവദിക്കില്ല; നിയുക്ത എന്‍ഡിഎ സര്‍ക്കാരിനു മുന്നറിയിപ്പുമായി ജെഡിയു

Views


മുസ് ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് നിയുക്ത എന്‍ഡിഎ സര്‍ക്കാരിനോട് സഖ്യകക്ഷിയായ ജനതാദല്‍(യുനൈറ്റഡ്). പാര്‍ട്ടി വക്താവ് കെ സി ത്യാഗിയാണ് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തനിച്ചു കേവലഭൂരിപക്ഷം നേടാനാവാതെ പോയ ബിജെപി ജെഡിയുവിന്റെ അടക്കം പിന്തുണയിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചതു പോലും. ഇതിനിടെയാണ് ജെഡിയു ദേശീവ വക്താവ് ബിജെപിയുടെ മുസ് ലിം വിരുദ്ധത അനുവദിക്കില്ലെന്ന് തുറന്നടിച്ചത്.

പുതിയ സര്‍ക്കാര്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനു പകരം എല്ലാ വിഭാഗങ്ങളുമായി സമന്വയത്തിലെത്തിവേണം കാര്യങ്ങള്‍ നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുന്നതിന് മുഖ്യമന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടികളും അടക്കമുള്ളവര്‍ ചര്‍ച്ച നടത്തി വേണം കരട് തയ്യാറാക്കാന്‍. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ബിജെപിയുടെ നിര്‍ദേശത്തെ ജെഡിയു പിന്തുണയ്ക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണമേര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്നും ത്യാഗി പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിച്ചാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലുള്ള മുസ് ലിംകളുടെ അവകാശങ്ങള്‍ അപഹരിക്കപ്പെടുമെന്നും ത്യാഗി പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദിയും അമിത് ഷായും അടക്കമുള്ള ബിജെപി നേതാക്കളാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍, വിദ്യാഭ്യാസ സംവരണമേര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയത്. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മുസ് ലിംകളും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ബിജെപി നേതാക്കളുടെ പ്രഖ്യാപനം. ഇതിനെതിരേയാണ് ജെഡിയു വക്താവ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 12 ലോക്‌സഭാ സീറ്റുകള്‍ നേടിയ ജെഡിയുവിനെ പിണക്കി ബിജെപിക്ക് സഖ്യസര്‍ക്കാരുണ്ടാക്കി മുന്നോട്ടുപോവാനാവില്ല എന്നതിനാല്‍ കാര്യങ്ങള്‍ അവര്‍ ആഗ്രഹിച്ചതുപോലെ നടപ്പാനാവില്ലെന്നും ജെഡിയുവിന്റെ പ്രതികരണം തെളിയിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മോദിയും അമിത് ഷായും അടക്കമുള്ള കടുത്ത മുസ് ലിം വിരുദ്ധതയായിരുന്നു പ്രസംഗിച്ചത്. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ താലിമാല അടക്കമുള്ള സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ് ലിംകള്‍ക്ക് വിതരണം ചെയ്യുമെന്ന് നിരവധി കേന്ദ്രങ്ങളിലാണ് മോദി പ്രസംഗിച്ചത്.



Post a Comment

0 Comments