Flash News

6/recent/ticker-posts

തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് എങ്ങിനെ? ഈ കണക്കുകള്‍ ഉത്തരം നല്‍കും

Views


തൃശൂര്‍: കേരളത്തില്‍ ആദ്യമായി എന്‍ഡിഎ അക്കൗണ്ട് തുറന്നത് എല്‍ഡിഎഫും യുഡിഎഫും പരസ്പര രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള വടിയാക്കിയിരിക്കുകാണ്.  ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞ സിപിഎം-ബിജെപി ഡീലാണ് തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍, 2019ലെയും 2024ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് വോട്ട് വ്യത്യാസം ചൂണ്ടിക്കാട്ടി ചോര്‍ന്നത് യുഡിഎഫ് വോട്ടുകളാണെന്ന് എല്‍ഡിഎഫും ആരോപിക്കുന്നു.

എന്നാല്‍, ഇതിനപ്പുറമുള്ള ‘അടിയൊഴുക്ക്’ തൃശൂരില്‍ ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. പരമ്പരാഗതമായി യു.ഡി.എഫിനെയോ എല്‍.ഡി.എഫിനെയോ പിന്തുണച്ചിരുന്ന ചില വിഭാഗങ്ങളുടെ വോട്ടുകള്‍ കൂട്ടത്തോടെ ഇത്തവണ മൂന്നാം മുന്നണിയായ എന്‍.ഡി.എക്ക് ലഭിച്ചെന്ന് മേഖല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുന്നു. പ്രധാനമായും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടാണ് ഇങ്ങിനെ ചോര്‍ന്നത്. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. എന്നാല്‍, സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം ഈ ചോര്‍ച്ചയുടെ ആക്കം കൂട്ടി.

തൃശൂര്‍ ലോക്‌സഭാ മണ്ഡല പരിധിയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും 2021ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഇടതുമുന്നണിയാണ്. ഇതില്‍ ക്രൈസ്തവ ആധിപത്യമുള്ള ഒല്ലൂര്‍, മണലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരേഷ് ഗോപി വന്‍ മുന്നേറ്റമാണ് നടത്തിയത്. തൃശൂരിലെ ക്രൈസ്തവ വോട്ടര്‍മാര്‍ക്ക് ബിജെപിയോടുള്ള ‘അയിത്തം’ മാറിയതിന്റെ തെളിവാണ് ഇത്. കാസ പോലുള്ള തീവ്ര ക്രൈസ്തവ വിഭാഗത്തിന്റെ പ്രചാരണങ്ങള്‍ ഇതിന് സഹായിച്ചിട്ടുണ്ട്.

സി.പി.ഐ പ്രതിനിധിയായ സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍ പ്രതിനിധാനം ചെയ്യുന്ന ഒല്ലൂരില്‍ വന്‍ കുതിപ്പാണ് ബി.ജെ.പി സ്ഥാനാര്‍ഥി നടത്തിയത്. ക്രൈസ്തവ വോട്ടിന് മുന്‍തൂക്കമുള്ള ഈ മണ്ഡലത്തില്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. രാജന്‍ 21,506 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ഇത്രയും വോട്ട് മറികടന്ന് 10,363 വോട്ടുകളുടെ ഭൂരിപക്ഷം സുരേഷ് ഗോപി നേടി. മണലൂരില്‍ സി.പി.എമ്മിലെ മുരളി പെരുനെല്ലി 29,876 വോട്ടാണ് ഭൂരിപക്ഷം നേടിയത്. ഇവിടെ സുരേഷ് ഗോപി 8013 വോട്ട് അധികം നേടിയതും സൂചകമാണ്.

മന്ത്രി ആര്‍. ബിന്ദുവിന്റെ മണ്ഡലമാണ് ഇരിങ്ങാലക്കുട. 2021ല്‍ 5949 വോട്ടായിരുന്നു ബിന്ദുവിന്റെ ഭൂരിപക്ഷം. പൊതുവെ യു.ഡി.എഫിന് മേല്‍ക്കൈയുള്ള മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയാണ് ജയിച്ചത്. ഇവിടെ 13,016 വോട്ടാണ് ഇത്തവണ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി.

ഇടതുമുന്നണി ശക്തികേന്ദ്രങ്ങളായ നാട്ടികയിലും പുതുക്കാട്ടും ബി.ജെ.പി കുതിപ്പ് നടത്തി. നാട്ടികയില്‍ 2021ല്‍ 28,431 വോട്ടാണ് സി.പി.ഐയുടെ ഭൂരിപക്ഷം. ഇവിടെ 13,945 വോട്ടാണ് ഇത്തവണ സുരേഷ് ഗോപി ലീഡ് നേടിയത്. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് പ്രതിനിധാനം ചെയ്തിരുന്നതും ഇപ്പോള്‍ സി.പി.എം പ്രതിനിധിയുള്ളതുമായ പുതുക്കാട് മണ്ഡലത്തില്‍ 12,692 വോട്ട് സുരേഷ് ഗോപി ലീഡ് പിടിച്ചിട്ടുണ്ട്. 2021ല്‍ 27,353 വോട്ട് എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്.

അതേസമയം, തൃശൂരില്‍ യുഡിഎഫ് മുന്നിലെത്തിയ ഒരേ ഒരു നിയമസഭാ മണ്ഡലം ഗുരുവായൂര്‍ ആണ്. മുസ്‌ലിം വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണിത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥിയില്ലാതിരുന്ന ഇവിടെ എന്‍ഡിഎ എന്ന പേരില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ആണ് പിന്തുണച്ചത്.

സ്ത്രീ വോട്ടര്‍മാരുടെ കൂട്ട കൂടുമാറ്റവും സുരേഷ് ഗോപിയെ തുണച്ചിട്ടുണ്ട്. ഇത് സുരേഷ് ഗോപിയെന്ന വ്യക്തിക്ക് ലഭിച്ച പിന്തുണയായാണ് കണക്കാക്കുന്നത്. മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെ സുരേഷ് ഗോപിയെ പിന്തുണച്ചതായാണ് റിപോര്‍ട്ടുകള്‍. ഇതിന് പുറണേ കോണ്‍ഗ്രസിലെ തമ്മിലടിയും യുഡിഎഫ് വോട്ടുകള്‍ ചോരാന്‍ കാരണമായി. സിറ്റിങ് എം.പി ടി.എന്‍. പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ച്ച വരുത്തിയതായി ആരോപിച്ച് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.



Post a Comment

0 Comments