Flash News

6/recent/ticker-posts

മഴയുടെ മറവിൽ മോഷ്ടാക്കൾ എത്തിയേക്കാം; വേണം ജാഗ്രത

Views
പൂട്ടിക്കിടക്കുന്ന വീടുകളില്‍ കയറി സാധനങ്ങള്‍ കൊണ്ടുപോകുന്നത്, പട്ടാപ്പകല്‍ വാഹനങ്ങളുമായി കടന്നുകളയുന്നത് തുടങ്ങി പലതരത്തില്‍ മോഷണങ്ങളുമായി കുറ്റവാളികള്‍ ചുറ്റുമുണ്ട്.

മഴക്കാലമെത്തിയതോടെ സാഹചര്യം ദുരുപയോഗം ചെയ്ത് മോഷ്ടാക്കള്‍ കൂടുതല്‍ സജീവമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് അധികൃതർ. ശക്തമായ മഴയുള്ള സാഹചര്യങ്ങളില്‍ ആളുകളുടെ ശ്രദ്ധതിരിച്ച്‌ മഴയുടെ ശബ്ദത്തിന്‍റെ മറവില്‍ മോഷണം നടത്തുന്ന സംഭവങ്ങള്‍ മുൻവർഷങ്ങളിലടക്കം നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് തടയിടാൻ മുൻകരുതല്‍ സ്വീകരിക്കണമെന്നാണ് പൊലീസ് നിർദേശം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മഴക്കാലത്ത് പ്രധാന നിരത്തുകളടക്കം നേരത്തെ വിജനമാകും. 

വീടുകളിലുള്ള ആളുകള്‍ പതിവിലും നേരത്തെ ഉറങ്ങാനും വൈകി എണീക്കാനും സാധ്യതയുണ്ട്. ഇതൊക്കെ മുതലെടുത്താണ് മഴക്കാല മോഷ്ടാക്കള്‍ രംഗത്തിറങ്ങുക. വിജനമാകുന്ന വഴികളില്‍ ഒറ്റപ്പെടുന്നവരെ ആക്രമിച്ച്‌ കവർച്ച നടത്താനും സാധ്യതയുണ്ട്. ആളുകളുടെ ഉറക്കവും മഴയും മറയാക്കി വീടുകളില്‍ കയറിപ്പറ്റാനുമായിരിക്കും ഇത്തരക്കാരുടെ ശ്രമം. അന്തർ സംസ്ഥാന മോഷ്ടാക്കളടക്കം ഈ ഘട്ടത്തില്‍ കേരളത്തിലെത്തിയേക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മഴയുടെ മറവില്‍ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേള്‍ക്കില്ലെന്നതിനാല്‍ വാഹന മോഷ്ടാക്കളെയും കരുതിയിരിക്കണം. പുലർച്ചെ രണ്ട് മുതല്‍ നാല് വരെയുള്ള സമയത്താണ് ഇത്തരം മോഷ്ടാക്കള്‍ പ്രധാനമായും മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധപുലർത്തണം.

🛑ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

- രാത്രി സമയങ്ങളില്‍ വീടിന് പുറത്തെ ലൈറ്റുകള്‍ പ്രകാശിപ്പിക്കുക. 

- രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ചാർജുണ്ടെന്ന് ഉറപ്പാക്കണം. 

- വീടുപൂട്ടി യാത്ര പോകുന്നവർ പൊലീസില്‍ അറിയിക്കുകയോ പൊലീസിന്‍റെ പോല്‍- ആപ്പിലെ ലോക്കഡ് ഹൗസ് ഇൻഫർമേഷൻ എന്ന പോർട്ടലില്‍ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക. 

- കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്നുവിടുന്ന ശബ്ദം തുടങ്ങി അസ്വാഭാവിക ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ അയല്‍വാസികളെ അറിയിക്കുക.

- പകല്‍ സമയത്ത് പുറത്തെ ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നത്, പാല്‍, പത്രം തുടങ്ങിയവ വീട്ടുമുറ്റത്ത് തന്നെ കിടക്കുന്നത് എന്നിവയൊക്കെ വീട്ടില്‍ ആളില്ലെന്ന് ഉറപ്പിക്കാൻ മോഷ്ടാക്കളെ സഹായിക്കുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. 

- കമ്പിപ്പാര, പിക്കാസ് തുടങ്ങിയ ആയുധങ്ങള്‍ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക. 



Post a Comment

0 Comments