Flash News

6/recent/ticker-posts

വ്യാപാരി വ്യവസായി ഏകോപന സമിതി ഓൺലൈൻ വ്യാപാരത്തിലേക്ക്‌..!!

Views
മലപ്പുറം- ഓൺലൈൻ വ്യാപാര രംഗത്തെ കിടമത്സരത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ചെറുകിട വ്യാപാരികൾക്ക് അവസരമൊരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിൽ ഓൺലൈൻ വ്യാപാര സംവിധാന വരുന്നു. 
സമിതിയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് പ്രവർത്തിക്കുന്ന 'ലോക്കൽഷോപ്പി' എന്ന കമ്പനിയുമായി സഹകരിച്ച് പുതിയ സംവിധാനം ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപങ്ങളിലെയും നിലവിലുള്ള കച്ചവട രീതി നിലനിർത്തി കൊണ്ട് തന്നെ വിപുലമായ ഓൺലൈൻ വ്യാപാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകാതെ സംസ്ഥാന തലത്തിൽ ഈ പദ്ധതി വ്യാപിപ്പിക്കും.
ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് എല്ലാത്തരത്തിലുമുള്ള ഉൽപന്നങ്ങളും ഓൺലൈനിലൂടെ ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് അവർ പറഞ്ഞു. ഓരോ 15 കിലോമീറ്റർ ചുറ്റളവിലും ഓർഡർ ലഭിച്ച് ഒന്നര മണിക്കൂറിനകം ഈ സംവിധാനത്തിലൂടെ ഉത്പന്നങ്ങൾ ഉപഭോക്താവിലേക്ക് എത്തിക്കുവാൻ സാധിക്കും. കോവിഡിന്റെ പ്രത്യേക നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൂർണമായ തോതിൽ തുറക്കുവാൻ കഴിയാത്ത പരമ്പരാഗത വ്യാപാര മേഖലക്ക് അവരുടെ വ്യാപാരം നിലനിറുത്തുവാൻ ഈ സംവിധാനം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ᵛᵉⁿᵍᵃʳᵃᵖᵒᵖᵘˡᵃʳᵛᵉⁿᵍᵃʳᵃᵖᵒᵖᵘˡᵃʳ
പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്തുകയെന്ന സന്ദേശമാണ് വ്യാപാരികൾക്ക് ഇതുവഴി നൽകുന്നത്. വ്യാപാരികൾ ഇപ്പോഴുള്ള അവരുടെ കടയെ തന്നെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. ലോക്കൽ ഷോപ്പിയുടെ സോഫ്റ്റ് വെയർ ആണ് ഇതിന് ഉപയോഗിക്കുന്നത്. കടയിലെ  ഉൽപന്നങ്ങൾ വ്യാപാരികൾ തന്നെ ഓൺലൈനിൽ പ്രദർശിപ്പിക്കും. വില നിശ്ചയിക്കാനും ഡിസ്‌കൗണ്ടുകൾ നൽകാനും കടക്കാരന് സ്വാതന്ത്ര്യമുണ്ട്. 
ഓൺലൈൻ വഴി ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ഉൽപന്നങ്ങൾ കടയിൽ നേരിട്ടെത്തി സ്വീകരിക്കുന്നതിനും വീടുകളിൽ ലഭിക്കുന്നതിനും സൗകര്യമൊരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ആദ്യഘട്ടത്തിൽ മെഡിക്കൽ ഷോപ്പൊഴികെ ഹോട്ടലുകൾ, റസ്റ്റോറെന്റുകൾ, പലചരക്ക്, ഫ്രൂട്‌സ്, ഗൃഹോപകരണങ്ങൾ, ഫാൻസി ഉൽപന്നങ്ങൾ, ഫേബ്രിക്‌സ് തുടങ്ങി എല്ലാ മേഖലയിലുമുള്ള സ്ഥാപനങ്ങളും ഈ സംവിധാനത്തിലൂടെ വ്യാപാരം നടത്തും. 
അടുത്ത ഘട്ടത്തിൽ മെഡിക്കൽ ഷോപ്പുകളെ കൂടി ഉൾപ്പെടുത്തും.
പത്രസമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിജില്ല പ്രസിഡന്റ് കുഞ്ഞാവു ഹാജി, ജില്ല ജനറൽ സെക്രട്ടറി കുഞ്ഞു മുഹമ്മദ്, ജില്ല ട്രഷറർ നൗഷാദ് കളപ്പാടൻ, ലോക്കൽഷോപ്പി ഡയറക്ടർ റിന്റോ ഞെരിഞ്ഞപ്പിള്ളി, മാർക്കറ്റിംഗ് മാനേജർ ബൈജു വൈദ്യക്കാരൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments